കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
text_fieldsവടകര: അഴിത്തല സാന്‍ഡ് ബാങ്ക്സില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പുറങ്കര വിശാലിക്കാരന്റവിട ചാലില്‍ മുഹമ്മദ് ഷാഫിയെയാണ് (22) വെള്ളിയാഴ്ച വൈകീട്ട് ആറോടെ കാണാതായത്. സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മറ്റ് രണ്ടു യുവാക്കളെ ലൈഫ് ഗാര്‍ഡ് ആവിക്കല്‍ ബീച്ചിലെ പ്രജിത് രക്ഷപ്പെടുത്തി. പുറങ്കര ഉരുണീന്റവിട അസീബ്, വട്ടക്കണ്ടി ഷമീര്‍ എന്നിവരെയാണ് പ്രജിത് രക്ഷപ്പെടുത്തിയത്. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുഹൃത്തുക്കളായ നാലുപേരോടൊപ്പം കുളിച്ച് കരക്കുകയറിയതായിരുന്നു ഷാഫി. പിന്നീട് വീണ്ടും കുളിക്കാനിറങ്ങിയതായിരുന്നു. അപകടമേഖലയാണെന്നും കടലിലിറങ്ങരുതെന്നും ലൈഫ്ഗാര്‍ഡ് പലതവണ പറഞ്ഞെങ്കിലും അതവഗണിച്ചാണ് ഇവര്‍ വീണ്ടും പുളിമുട്ടിന്െറ അവസാനഭാഗത്ത് ഇറങ്ങിയത്.
ഫയര്‍ ഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. ബേപ്പൂരിലെ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചിട്ടുണ്ട്. വടകര തഹസില്‍ദാര്‍, നഗരസഭാ ചെയര്മാന് കെ. ശ്രീധരന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. എം.എം. ബഷീറിന്‍െറയും ആയിഷയുടെയും മകനാണ് കാണാതായ മുഹമ്മദ് ഷാഫി.
