46 കിലോ കഞ്ചാവ് പിടികൂടി
text_fieldsകാസർകോട്: കാസർകോട്ടും ബദിയടുക്കയിലും വൻ കഞ്ചാവ് വേട്ട. 46 കിലോ കഞ്ചാവ് പിടികൂടി. വധക്കേസ് പ്രതിയുൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നെല്ലിക്കട്ട ചൂരിപ്പള്ളം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആമു നഗറിലെ അബ്ദുറഹ്മാൻ (52), നായന്മാർമൂല പെരുമ്പളക്കടവിലെ സി.എ. അഹമ്മദ് കബീർ (40), ആദൂർ കുണ്ടാർ ചേക്കറടുക്കത്തെ കെ.പി. മുഹമ്മദ് ഹാരിസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓപറേഷൻ ഡാൻസഫിൻെറ ഭാഗമായിരുന്നു പരിശോധന.
ശനിയാഴ്ച പുലർച്ച ചൗക്കിയിൽവെച്ചാണ് ഓട്ടോയിൽ കടത്തിയ 22 കിലോ കഞ്ചാവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തത്. മൊഴി പ്രകാരം കന്യാപാടിയിലെ ക്വാർട്ടേഴ്സിൽ സൂക്ഷിച്ച 23.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. അഹമ്മദ് കബീർ 2009ൽ കുഴൽപണ ഇടപാടിനെച്ചൊല്ലി ചാല സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

