സ്ലാബില്ലാത്ത കാനയില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്
text_fieldsകരുമാല്ലൂര്‍: സ്ലാബില്ലാതെ പുല്ലുമൂടിക്കിടന്ന കാനയില്‍ വീണ് കാല്‍നടക്കാരനായ യുവാവിന് ഗുരുതര പരിക്ക്. കരുമാല്ലൂര്‍ തട്ടാംപടി പുന്നപ്പേരി വീട്ടില്‍ പി.എം. സിജുവിനാണ് വാരിയെല്ലിനും കാലിനും പരിക്കേറ്റത്.
യുവാവ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ആലുവ-പറവൂര്‍ റോഡില്‍ കരുമാല്ലൂര്‍ ആശുപത്രിപ്പടി കവലയിലാണ് സംഭവം. സിജു നടന്നുപോകുന്നതിനിടെ ഇരുവശങ്ങളില്‍നിന്ന് കൂടുതല്‍ വാഹനങ്ങള്‍ വരുന്നതുകണ്ട് നടപ്പാതയിലേക്ക് മാറി.
പുല്ലുപിടിച്ചുകിടന്ന നടപ്പാതയിലൂടെ നടക്കുന്നതിനിടെ മൂടിയില്ലാത്ത ഭാഗത്തെത്തിയപ്പോള്‍ കാനയിലേക്ക് വീഴുകയായിരുന്നു. അഞ്ചടിയിലധികം ആഴമുള്ളതായിരുന്നു കാന. വഴിവിളക്കില്ലാതിരുന്നതിനാല് അപകടം ആരുടെയും ശ്രദ്ധയിൽപെട്ടില്ല. പിന്നീട് സുഹൃത്തിനെ ഫോണ്‍ ചെയ്ത് വരുത്തിയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

