എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച; ഉരുണ്ടുകളിച്ച് സി.പി.എം
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിക്കുവേണ്ടി ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉരുണ്ടുകളിച്ച് സി.പി.എം. അങ്ങനെ ഒരു കൂടിക്കാഴ്ചയും മുഖ്യമന്ത്രിക്കുവേണ്ടി നടന്നിട്ടില്ലെന്ന് വിശദീകരിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടുവെന്നത് നിഷേധിച്ചില്ല. ഇതുസംബന്ധിച്ച ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അജിത്കുമാർ-ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോയെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കണ്ടിട്ടുണ്ടെങ്കിൽ തങ്ങൾക്കെന്ത്... എന്നായിരുന്നു മറുപടി.
2023 മേയിൽ തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി എം.ആർ. അജിത്കുമാർ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ തൃശൂരിൽ ബി.ജെ.പിയുടെ വിജയത്തിന് സഹായിക്കുകയെന്ന ധാരണയെക്കുറിച്ചായിരുന്നു ചർച്ചയെന്നും എ.ഡി.ജി.പി ഇടപെട്ട് തൃശൂർ പൂരം കലക്കിയത് ആ ധാരണയുടെ ഭാഗമായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബി.ജെ.പിയുമായി എ.ഡി.ജി.പി വഴി സി.പി.എം ബന്ധം സ്ഥാപിച്ചുവെന്നത് കള്ളക്കഥയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയുടെ പുറത്തുണ്ടാക്കിയ വാർത്തയോട് പ്രതികരിക്കേണ്ടതില്ല. അജണ്ട വെച്ച് സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആർ.എസ്.എസ്. 215 സി.പി.എമ്മുകാർ ആർ.എസ്.എസിനാൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുമായി സന്ധി ചെയ്യാൻ സി.പി.എമ്മിനാവില്ലെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

