കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വീണ്ടും റദ്ദാക്കി
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സർവിസുകള്‍ റദ്ദാക്കുന്നത് തുടരുന്നു. ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 11.10ന് പുറപ്പെടേണ്ട കോഴിക്കോട്-മസ്കത്ത് സർവിസ് റദ്ദാക്കി.
ഇതേതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഏഴിന് മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സർവിസും മുടങ്ങി. സർവിസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചതായി വിമാനക്കമ്പനി അറിയിച്ചു. ജീവനക്കാരുടെ സമരത്തിനുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് സർവിസുകള്‍ പൂര്‍ണമായി പൂർവസ്ഥിതിയിലാക്കാന്‍ ഇനിയുമായിട്ടില്ല.
പൈലറ്റ് എത്താത്തതിനെ തുടര്‍ന്നും ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്താനാകാത്തതിനാലും സർവിസുകള്‍ റദ്ദാക്കുന്നത് കരിപ്പൂരില്‍ ആവര്‍ത്തിക്കുകയാണെന്ന യാത്രക്കാരുടെ പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം പൈലറ്റ് എത്താത്തതിനെ തുടര്‍ന്ന് കോഴിക്കോട്-ദുബൈ സർവിസ് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിമാനത്താവളത്തില്‍ എത്തിയശേഷമാണ് റദ്ദാക്കിയ വിവരം അറിയുന്നത്.

