Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി; മാതൃസ്ഥാപനത്തിൽ ജോലി ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന്

text_fields
bookmark_border
priya varghese
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി. എഫ്.ഡി.പി പദ്ധതിയിൽ ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. എഫ്.ഡി.പി കാലയളവ് പൂർത്തിയായ ശേഷം അഞ്ച് വർഷം മാതൃസ്ഥാപനത്തിൽ ജോലി ചെയ്യണമെന്ന വ്യവസ്ഥയാണ് പ്രിയ ലംഘിച്ചത്. ഗവേഷണ കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും കെ.പി.സി.ടി.എ ആവശ്യപ്പെട്ടു.

പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം റാങ്ക് നൽകിയ സിൻഡിക്കേറ്റ് നടപടി ചാൻസലറായ ഗവർണർ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. സിൻഡിക്കേറ്റ് തീരുമാനത്തിലുള്ള മുഴുവൻ തുടർനടപടികളുമാണ് സ്റ്റേ ചെയ്തത്.

വിഷയത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉൾപ്പെടെ മുഴുവൻ ബന്ധപ്പെട്ട കക്ഷികൾക്കും ഗവർണർ വെവ്വേറെ കാരണം കാണിക്കൽ നോട്ടീസും അയച്ചു. കണ്ണൂർ സർവകലാശാല നിയമത്തിലെ സെക്ഷൻ 7(3) പ്രകാരം ചാൻസലറായ ഗവർണർക്കുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.

അസോസിയേറ്റ് പ്രഫസർ നിയമനത്തിന് എട്ട് വർഷത്തെ അധ്യാപന പരിചയം വേണമെന്നത് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രിയ വർഗീസിനെ നിയമിക്കാൻ സർവകലാശാല റാങ്ക് പട്ടിക തയാറാക്കിയത്. നിയമനത്തിൽ പ്രഥമദൃഷ്ട്യാ നിയമലംഘനവും സ്വജനപക്ഷപാതവും നടന്നെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എട്ട് വർഷം അധ്യാപന പരിചയം ആവശ്യമുള്ള തസ്തികയിലേക്ക് തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായ പ്രിയ വർഗീസിന് മൂന്നു വർഷത്തെ പരിചയം മാത്രമേയുള്ളൂവെന്നാണ് പ്രധാന പരാതി. എന്നാൽ, ഗവേഷണത്തിന് പോയ മൂന്ന് വർഷവും കണ്ണൂർ സർവകലാശാലയിലെ അനധ്യാപക തസ്തികയായ സ്റ്റുഡന്‍റ്സ് സർവിസസ് ഡയറക്ടർ തസ്തികയിലെ രണ്ടു വർഷവും മൂന്ന് വർഷത്തെ കരാർ നിയമന കാലയളവും ചേർത്താണ് പ്രിയ വർഗീസിന് എട്ട് വർഷത്തെ യോഗ്യതയായി പരിഗണിച്ചത്. ഗവേഷണ കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാനാകില്ലെന്ന യു.ജി.സി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ ഇന്‍റർവ്യൂവിന് ക്ഷണിച്ചതെന്നും വ്യക്തമായിരുന്നു.

14 വർഷത്തെ കോളജ് അധ്യാപന പരിചയവും 651 റിസർച്ച് സ്കോറുമുള്ള ജോസഫ് സ്കറിയയെ രണ്ടാം റാങ്കിലേക്കും 645 റിസർച്ച് സ്കോറുള്ള സി. ഗണേഷിനെ മൂന്നാം റാങ്കിലേക്കും പിന്തള്ളിയാണ് 156 സ്കോർ മാത്രമുള്ള പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another complaint against Priya Varghese
Next Story