കൊലപാതകശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsസാജു ജോജോ
ചങ്ങനാശ്ശേരി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ കുരിശുംമൂട് മുന്തിരിക്കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (29)യെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിന് സമീപം വെച്ച് മധ്യവയസ്കന്റെ നേരെ പെപ്പർ സ്പ്രേ അടിച്ചതിനു ശേഷം ഇയാൾ കയ്യിൽ കരുതിയിരുന്ന ഇടിക്കട്ട കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ആനന്ദാശ്രമ ഭാഗത്തുള്ള കടയുടെ മുമ്പിൽ നിന്ന് സാജു ജോജോ ചീത്തവിളിച്ചത് മധ്യവയസ്കൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന മറ്റൊരാളെയും മർദ്ദിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ, സി.പി.ഒമാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. തിരുവല്ല, വാകത്താനം, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം തുടങ്ങിയ സ്റ്റേഷനിൽ ഇയാൾക്കെതിരെ ക്രിമിനൽകേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

