കസ്റ്റഡി കൊലപാതകം: സ്ഥലം മാറ്റിയ എസ്.പിക്ക് നക്ഷത്ര ഹോട്ടലിൽ യാത്രയയപ്പ്
text_fieldsകൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസിൽ ആരോപണ വിധേയനായതിനെത്തുടർന്ന് സ്ഥലം മാറ്റപ്പെട്ട എറണാകുളം റൂറൽ എസ്.പി എ.വി. ജോർജിന് നക്ഷത്രഹോട്ടലിൽ സഹപ്രവർത്തകരുടെ യാത്രയയപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഫ്ലോറ ഹോട്ടലിലാണ് തിങ്കളാഴ്ച രാത്രി യാത്രയയപ്പ് സംഘടിപ്പിച്ചത്. എറണാകുളം റൂറലിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിന് എത്തിയിരുന്നു.
അതിരഹസ്യമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്ക് ഹാളിൽ പ്രവേശനം അനുവദിച്ചില്ല. സംഭവം പുറത്തായതോടെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തി. പ്രവർത്തകർ ഹോട്ടലിന് മുന്നിൽ മുദ്രാവാക്യം മുഴക്കി തള്ളിക്കയറാൻ ശ്രമിച്ചു. യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെൻറ് നിയോജകമണ്ഡലം പ്രസിഡൻറ് പി.ബി. സുനീറിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹോട്ടലിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
