കുഞ്ഞിനെ തട്ടിയെടുത്തത് വ്യക്തിപരമായ പ്രശ്ന പരിഹാരത്തിന്; ഒരാൾ കൂടി പിടിയിൽ
text_fieldsകോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ വിഷയങ്ങളെത്തുടര്‍ന്നുള്ള പ്രശ്ന പരിഹാരത്തിനായാണെന്ന് സൂചന. നീതു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നീതുവിന്റെ ആൺസുഹൃത്തിനെ ഗാന്ധിനഗർ പൊലീസ് രാത്രി വൈകി എറണാകുളത്തുനിന്ന് പിടികൂടി.
തിരുവല്ല സ്വദേശി നീതുവിന്റെ വിവാഹം 11 വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. ഭര്‍ത്താവ് തുര്‍ക്കിയിലാണെന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നാളുകളായി കളമശ്ശേരിയിലെ ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ മുമ്പ് ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇവർക്കൊപ്പമുണ്ടായിരുന്ന ആറുവയസ്സുകാരൻ സ്വന്തം കുഞ്ഞുതന്നെയാണ്. സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് കോട്ട് വാങ്ങിയാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് പോയത്.
അതേസമയം, നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രതി നീതുവിനെ സഹായിച്ചത് ബാദുഷയാണെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

