ബി.ജെ.പി സ്ഥാനാർഥിയെ കാൺമാനില്ലെന്ന് പരാതി
text_fieldsസി. അജീവ്കുമാർ
കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബി.ജെ.പി സ്ഥാനാർഥി സി. അജീവ്കുമാറിനെ (സുന്ദരി) കാണ്മാനില്ലെന്ന് പരാതി.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി പ്രചാരണം നടത്തുന്നതിനിടയിൽ അഞ്ചുദിവസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അഞ്ചുദിവസം മുമ്പ്് വരെ വീടുകൾ കയറി വോട്ടർമാരെ കാണാനും പ്രചാരണത്തിനുമെല്ലാം സജീവമായിരുന്ന അജീവ് കുമാർ പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു.
തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും പാർട്ടി പ്രവർത്തകരും. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ഇന്നലെയും ഇയാൾ എത്തിച്ചേരാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

