മോട്ടോർ പുരക്ക് നമ്പർ നൽകാൻ 15,000 രൂപ കൈക്കൂലി; ക്ലർക്ക് റിമാൻഡിൽ
text_fieldsമൂവാറ്റുപുഴ: മോട്ടോർ പുരക്ക് നമ്പർ ഇടാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത കുമളി പഞ്ചായത്ത് ഓഫിസ് ക്ലർക്ക് അജിത് കുമാറിനെ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ മാർച്ച് 24വരെ റിമാൻഡ് ചെയ്തു. കുമളി ചെങ്കര കുരിശുമല പുതുവൽവീട്ടിൽ രങ്കരാജിെൻറ മകൻ വിജയകുമാറിെൻറ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
ഏലകൃഷിയുടെ ആവശ്യത്തിനായി വിജയകുമാർ ആറ് സെൻറ് സ്ഥലത്ത് കുഴൽ കിണറും മോട്ടോർ പുരയും നിർമിച്ചിരുന്നു. മോട്ടോർ പുരക്ക് വൈദ്യുതി ലഭിക്കാൻ പഞ്ചായത്തിൽനിന്ന് കെട്ടിട നമ്പറിനായി പഞ്ചായത്ത് ഓഫിസിലെത്തിയ വാദിയോട് 15,000 രൂപ അജിത് കുമാർ കൈക്കൂലി ആവശ്യപ്പെട്ടു. 5000 രൂപ ആദ്യം വാങ്ങിയെടുക്കുകയും ചെയ്തു. രണ്ടാം ഗഡു 10,000 രൂപ വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടുന്നത്. വിജിലൻസ് ഡിവൈ.എസ്.പി വി.ആർ. രവികുമാറിെൻറ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടുക്കി കട്ടപ്പന മേച്ചേരി വീട്ടിൽ കൃഷ്ണൻ ചെട്ടിയാരുടെ മകനാണ് 46കാരനായ അജിത് കുമാർ.

