ജഡ്ജിയുടെ കാർ തടഞ്ഞ് അസഭ്യം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
text_fieldsആലപ്പുഴ: മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ അസഭ്യം പറഞ്ഞ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കോൺഗ്രസ് ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റും മുൻ നഗരസഭ കൗൺസിലറുമായ കെ.എ. സാബുവിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. ബുധനാഴ്ച വൈകീട്ട് 5.30ന് ചേരമാൻകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കാറിനുപിന്നാലെ, തുടർച്ചയായി ഹോൺ മുഴക്കിയെത്തിയ സാബു ബൈക്ക് കുറുകെ വെച്ച് തടയുകയായിരുന്നു.
കാറിൽ നിന്നിറങ്ങിയ ഡ്രൈവറെ അസഭ്യം പറഞ്ഞു. ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത നോർത്ത് പൊലീസ് സാബുവിനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. ഉച്ചയോടെ, ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്നിൽ ഹാജരാക്കിയെങ്കിലും വൈകീട്ടാണ് കേസ് പരിഗണിച്ചത്. പിന്നീട് ജാമ്യം അനുവദിച്ചു.

