എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത് അഞ്ചുവയസുകാരന്
text_fieldsകൊച്ചി: എറണാകുളം ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് അഞ്ചുവയസുകാരന്. കുട്ടിയുടെ അമ്മ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ചെന്നൈയിൽ സ്ഥിരമാക്കിയ എറണാകുളം ജില്ലക്കാരിയായ ഇവർ കിഡ്നി ചികിത്സക്കായി മേയ് ആറിനാണ് കേരളത്തിലേക്ക് റോഡ് മാർഗം എത്തിയത്. ഇവരുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ പ്രേവശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നുപേരെയും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കി. കുട്ടിയുമായി സമ്പർക്കത്തൽ വന്നവരുടെ പട്ടിക തയാറാക്കി വരികയാണ്.
എറണാകുളം ജില്ലയിൽ ഞായറാഴ്ച പുതുതായി 451 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 139 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1596 ആയി. ഇതിൽ 15 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 1581 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.
ഞായറാഴ്ച 14 പേയാണ് പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജ് അഞ്ച്, സ്വകാര്യ ആശുപത്രികൾ ഒമ്പത് എന്നിങ്ങനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം.
