സി.പി.ഐ നേതാവ് കെ. ബാബുരാജ് അന്തരിച്ചു
text_fieldsബാബുരാജ്
മലപ്പുറം: സി.പി.ഐ മലപ്പുറം ജില്ല കൗണ്‍സില്‍ അസി. സെക്രട്ടറി കെ. ബാബുരാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്കു ശേഷം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേരി കോവിലകംകുണ്ടിലായിരുന്നു താമസം.
എല്‍.ഡി.എഫ് മലപ്പുറം ജില്ല കമ്മിറ്റി അംഗമാണ്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് സംഘടനകളുടെ മലപ്പുറം ജില്ല സെക്രട്ടറിയുമായിരുന്നു. യുവകലാസാഹിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന പി. തിലോത്തമന്റെ അഡീഷനല്‍ പി.എ ആയി പ്രവർത്തിച്ച ബാബുരാജ് ഏറെക്കാലം തമിഴ്നാട്ടില്‍ സി.പി.ഐ പ്രവര്‍ത്തകനായിരുന്നു. എ.ഐ.വൈ.എഫ് തമിഴ്നാട് സംസ്ഥാന ജോയന്റ് സെക്രട്ടറിയുമായിരുന്നു.
സി.പി.ഐ കോയമ്പത്തൂര്‍ ജില്ല എക്സിക്യൂട്ടിവ് അംഗമായും എ.ഐ.വൈ.എഫ് കോയമ്പത്തൂര്‍ ജില്ല സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. സി.പി.ഐ ദേശീയ കണ്ട്രോള് കമീഷന് അംഗം സത്യൻ മൊകേരി, സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീര്‍, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. വസന്തം, റവന്യൂ മന്ത്രി കെ. രാജന്, സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് എന്നിവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മൃതദേഹം ഞായറാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ സി.പി.ഐ മലപ്പുറം ജില്ല കൗണ്‍സില്‍ ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്വവസതിയിലെത്തിച്ച ശേഷം 11ഓടെ ഷൊര്‍ണൂര്‍ ഐവര്‍മഠത്തിലേക്ക് കൊണ്ടുപോകും. പിതാവ്: ശങ്കരന് കുട്ടി നായര്‍ (വഴിക്കടവ്). മാതാവ്: കൊക്കയില്‍ വസന്തകുമാരി. ഭാര്യ: രജനി. മക്കള്‍: അഭിനന്ദ, അനുമഹതി.

