'എന്റെ അമ്മയെ വിജയിപ്പിച്ച ജനാധിപത്യ വിശ്വാസികളായ വോട്ടർമാർക്ക് നന്ദി'
text_fieldsസ്നേഹ മൈക്ക് അനൗൺസ്മെൻറിൽ
പൊന്നാനി: 'പ്രിയമുള്ളവരെ ...പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ നിന്ന് സി.വി. സുധയെ വോട്ട് ചെയ്ത് വിജയിപ്പിച്ച നല്ലവരായ വോട്ടർമാർക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്'. അനൗൺസ്മെന്റ് വാഹനത്തിലെ പെൺപുലി സ്നേഹയുടെ സന്തോഷം നന്ദി പ്രകടനത്തിലൂടെ വോട്ടർമാരിലേക്ക് ഒഴുകുകയാണ്. കാരണം അമ്മയെ വീണ്ടും വിജയിപ്പിച്ചെടുക്കാൻ നാടാകെ ശബ്ദ പ്രചാരണവുമായി കറങ്ങി നടന്ന മകളെ നാട്ടുകാരും വോട്ടർമാരും മറന്നിരുന്നില്ല.
പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ നിന്ന് വിജയിച്ച സുധയുടെ മകളാണ് സ്നേഹ. വാർഡിലെ സിറ്റിംഗ് കൗൺസിലറായ സുധക്ക് വേണ്ടി പ്രവർത്തകർക്കൊപ്പം ചുക്കാൻ പിടിക്കാൻ സ്നേഹയും ഒപ്പമുണ്ടായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥിയായി അരിവാൾ ചുറ്റിക നക്ഷത്രത്തിലായിരുന്നു ജനവിധി തേടിയത്. 628 വോട്ടുകൾ നേടി സുധ സീറ്റ് നിലനിർത്തി. 554 വോട്ടുകളുമായി കോൺഗ്രസിലെ പവിത്രകുമാറാണ് രണ്ടാമതെത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെയായിരുന്നു ഏഴാം വാർഡിൽ അനൗൺസ്മെൻറ് വാഹനം എത്തിയപ്പോൾ തന്നെ അമ്മക്കായുള്ള അനൗൺസ്മെൻ്റ് ചുമതല സ്നേഹ ഏറ്റെടുത്തത്. അമ്മക്ക് വോട്ടഭ്യാർഥിച്ചുള്ള മകളുടെ പ്രചാരണവും കൂടിയായതോടെ നാട്ടുകാർക്ക് കൗതുകവുമായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ ഡിഗ്രി അവസാന വർഷ വിദ്യാർഥിയാണ് സ്നേഹ. പ്രസംഗ മത്സരങ്ങളിലും ഡിബേറ്റുകളിലും പങ്കെടുക്കുന്ന സ്നേഹ ഏറെ താൽപര്യത്തോടെയാണ് അനൗൺസ്മെൻറിനിറങ്ങിയത്.

