നോട്ട് നിരോധനം: കണക്കിൽപ്പെടാത്ത പണം കൈവശമുള്ളവർക്കാണ് വേവലാതിയെന്ന് കെ. സുരേന്ദ്രൻ
text_fieldsനോട്ട് നിരോധനത്തിൽ കണക്കിൽപ്പെടാത്ത പണം കൈവശമുള്ളവർക്കാണ് അസ്വസ്ഥതയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. രണ്ടായിരത്തിന്റെ നോട്ട് നിരോധിച്ചതിൽ കോൺഗ്രസും സി.പി.എമ്മും വേവലാതി കാട്ടുന്നതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒന്നും ആഘോഷിക്കാനില്ലാത്ത സർക്കാരാണ് പിണറായി വിജയന്റേത്. പ്രകടനപത്രികയിലെ ഒന്നും നടപ്പാക്കിയിട്ടില്ല. ഇടതു ഭരണത്തിൽ ആലിബാബയെയും 41 കള്ളൻമാരെയും പോലെ എല്ലാം കൊള്ളയടിക്കുകയാണ്. വലിയ കൊള്ളക്കാരുടെ സർക്കാർ തന്നെയാണ് കേരളം ഭരിക്കുന്നത്.
എല്ലാത്തിനും കമ്മീഷൻ പറ്റുക എന്നതാണ് പിണറായിയുടെ നയം. അഴിമതി എങ്ങനെ ശാസ്ത്രീയമായി നടത്താം എന്നറിയാനാണ് പിണറായി വിദേശ യാത്ര നടത്തുന്നത്. അധികാരത്തിലെത്തിയ ശേഷമുള്ള ഏഴ് വർഷവും സർക്കാർ നടത്തിയത് അഴിമതിയാണ്. വീരപ്പനെക്കാൾ വലിയ കൊള്ളക്കാരനാണ് പിണറായി വിജയൻ. പിണറായി വിജയനും 20 കള്ളന്മാരും ചേർന്ന് നാടിനെ കൊള്ളയടിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

