നോട്ട് നിരോധനം: ടൂറിസം മേഖലയിൽ ഗുരുതര പ്രത്യാഘാതം
text_fieldsതിരുവനന്തപുരം: നോട്ട് നിരോധനം മൂലം ടൂറിസം മേഖലയില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയതായി മന്ത്രി കടകംപള്ളി അറിയിച്ചു. മുന്‍കൂര്‍ ബുക്കിങ്ങില്‍ 25 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ 15 മുതല്‍ 20 ശതമാനം വരെയും ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ 20 മുതല്‍ 40 ശതമാനം വരെയും കുറവുണ്ടായി. ഹോട്ടലുകളുടെ ഫുഡ് ആന്‍ഡ് ബിവറേജസ് വില്പനയിൽ 20 മുതല്‍ 25 ശതമാനം വരെ ഇടിവുണ്ടായി.
കോണ്‍ഫറന്‍സുകള്‍, മീറ്റിങ്ങുകള്‍, സാഹസിക ടൂറിസം എന്നിവയെയും ബാധിച്ചു. മദ്യവില്പന നിയന്ത്രണങ്ങള്‍ മൂലം കെ.ടി.ഡി.സിയുടെ 22 ബിയര്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടേണ്ടിവന്നു. ഇതുമൂലം കെ.ടി.ഡി.സിക്ക് 58.02 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപള്ളി അറിയിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി രൂപവത്കരിച്ചിട്ടുണ്ടെന്നും ഇതിനായി 900 കോടി അനുവദിച്ച് ബുധനാഴ്ച ഉത്തരവിറക്കിയെന്നും മന്ത്രി .സി. രവീന്ദ്രനാഥ് പറഞ്ഞു.
