പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
text_fieldsതൃപ്പൂണിത്തുറ: ഉദയംപേരൂർ തെക്കൻ പറവൂരിൽ കോണോത്തുപുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. തെക്കൻപറവൂർ കോളനിയിൽ താമസിക്കുന്ന കുസുമരാജ്-ജിജി ദമ്പതികളുടെ മക്കളായ അനന്തുകൃഷ്ണ (14), അതുൽ കൃഷ്ണ (12) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ഒാടെയാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും കൂട്ടുകാരോടൊപ്പം തൈക്കാട്ട് കടവ് ഭാഗത്താണ് കുളിക്കാനിറങ്ങിയത്. വേനൽകടുത്തതോടെ ഇവിടെ കുട്ടികളും മുതിർന്നതും കുളിക്കാനിറങ്ങുന്നത് പതിവാണ്. ഇവരോടൊപ്പം ഇറങ്ങിയ മറ്റു മൂന്നു കുട്ടികൾ കരക്കു കയറി.
കുട്ടികൾ നിലവിളിച്ചതോടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരുമെത്തി പുഴയിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. കരയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശാരീരിക അസ്വാസ്ഥ്യമുള്ള അനന്തുകൃഷ്ണ മുങ്ങിത്താഴുന്നത് കണ്ട് അതുൽ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപെട്ടെതെന്നാണ് സൂചന.എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അനന്തുകൃഷ്ണ. പൂത്തോട്ട കെ.പി.എം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അതുൽ കൃഷ്ണ. ആമ്പല്ലൂരിൽ കെ.എസ്.ഇ.ബി ജീവനക്കാരനാണ് കുസുമരാജ്.
