കുട്ടിയാനക്ക് റോഡിൽ വിശ്രമം; കാവലായി ആനകൾ
text_fieldsഗൂഡല്ലൂർ: റോഡിൽ കിടന്ന് വിശ്രമിച്ച കുട്ടിയാനക്ക് രണ്ട് ആനകൾ കാവൽ നിന്നതോടെ ഒരുമണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്താ താലൂക്കിലെ മഞ്ചൂർ-ഗെത്തൈ റോഡിലാണ് ആനക്കുട്ടി കിടന്നുറങ്ങിയത്.
റോഡോരത്ത് ചെടികൾ തിന്നുകൊണ്ടിരുന്ന പിടിയാനയും കൂടെ മറ്റൊരാനയും ആനക്കുട്ടിക്ക് കാവൽനിന്നതോടെ ഈവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
മഞ്ചൂർ, കോയമ്പത്തൂർ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളടക്കം ഇരുഭാഗങ്ങളിലും നിർത്തി ആനകൾ മാറുന്നതുവരെ കാത്തിരുന്നു. വിവാഹ പാർട്ടിയും കുടുങ്ങി. ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ആനക്കുട്ടി പതിയെ എഴുന്നേറ്റു. പിന്നീട് ഇവ റോഡിൽനിന്ന് പോയതോടെയാണ് വാഹനങ്ങൾ കടന്നുപോയത്. അപൂർവമായ കാഴ്ചയായതിനാൽ പലരും മൊബൈലിൽ പകർത്തിയിരുന്നു.

