തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടു പേരെ എക്സൈസ് പിടികൂടി
text_fieldsമാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി. മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല വാഹന പരിശോധനയിൽ KL 84 8627 നമ്പർ ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 3.6 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കുമ്മട്ടി വീട്ടിൽ കെ. അബഷർ, കണ്ണൂർ മാട്ടൂൽ സ്വദേശി ബി.സി. ഹൗസിൽ ബിഷർ ഷുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. 10 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.
വാഹനപരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ അജേഷ് വിജയൻ, ശ്രീധരൻ, കെ.സി. അരുൺ, ഹാഷിം, പി. വിപിൻ, എം.ജെ. രാജേഷ്, എക്സൈസ് ഡ്രൈവർ അബ്‌ദുറഹീം എന്നിവർ പങ്കെടുത്തു.

