
കോവാക്സിൻ രണ്ട് ഡോസെടുത്തു; കോവിഷീൽഡ് മൂന്നാം ഡോസിനായി പ്രവാസി ഹൈകോടതിയിൽ
text_fieldsകൊച്ചി: കോവാക്സിന് രാജ്യാന്തര അംഗീകാരമില്ലാത്തതിനാൽ സൗദി അറേബ്യയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി മൂന്നാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകാൻ അനുമതി തേടി ഹൈകോടതിയിൽ. കോവാക്സിൻ രണ്ട് ഡോസെടുെത്തങ്കിലും സൗദിയിൽ ഇത് അംഗീകരിക്കാത്തതാണെന്ന് കാട്ടി കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാറാണ് കോവിഷീൽഡ് കുത്തിവെപ്പിന് അനുമതി തേടി ഹരജി നൽകിയത്. ഹരജി പരിഗണിച്ച കോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടി.
ജനുവരിയിൽ നാട്ടിലെത്തിയ ഹരജിക്കാരൻ ആഗസ്റ്റ് 30ന് സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് കോവാക്സിൻ അവിടെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. രണ്ട് ഡോസ് എടുത്തുകഴിഞ്ഞതിനാൽ മൂന്നാമതൊരു ഡോസ് എടുക്കാൻ വ്യവസ്ഥയില്ല.
ഇൗ മാസംതന്നെ സൗദിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്നും കോവിഷീൽഡ് ഒരുഡോസ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലെന്നത് പൊതുജനങ്ങളെ അറിയിക്കണമെന്നും രാജ്യാന്തര അംഗീകാരം നേടാൻ നടപടിയെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
