‘അംപൻ’ തീവ്രത കുറയുന്നു
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അംപൻ ചുഴലിക്കാറ്റിെൻറ തീവ്രത കുറയുന്നു. ബുധനാഴ്ചയോടെ അംപൻ ‘സൂപ്പർ’ ചുഴലിക്കാറ്റിൽനിന്ന് ‘അതിതീവ്രത’യിലേക്ക് മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിെൻറ പരമാവധി വേഗത മണിക്കൂറിൽ 167 കി.മീ മുതൽ 221 കി.മീ വരെ ആകുന്നതിനെയാണ് ‘അതിതീവ്ര’ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്.
ഒഡിഷയിലെ പരാദ്വീപിനും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖക്കും ഇടയിൽ ചുറ്റിത്തിരിയുന്ന അംപെൻറ വേഗത മണിക്കൂറിൽ 230 കി.മീ മുകളിലാണ്. ബുധനാഴ്ച ഉച്ചയോടെ ദിഖക്കും, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകൾക്കിടയിലൂടെ അംപൻ കരതൊടുമ്പോൾ, ചുഴലിക്കാറ്റിെൻറ വേഗത മണിക്കൂറിൽ 155 മുതൽ 185 കി.മീ വരെയായി കുറയുമെന്നാണ് വിദഗ്ധ നിരീക്ഷണം.
ചുഴലിക്കാറ്റിെൻറ പ്രഭാവത്താൽ കേരളത്തിൽ അടുത്ത 48 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിൽ വടക്കു-പടിഞ്ഞാറ് ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
