സ്വർണക്കടത്ത് കേസ് ; കേസെടുക്കാനുള്ള പൊലീസ് അപേക്ഷ പുതുതായി പരിഗണിക്കണമെന്ന് കോടതി
text_fieldsബംഗളൂരു: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ബംഗളൂരു പൊലീസിന്റെ അപേക്ഷ പുതുതായി പരിഗണിക്കണമെന്ന് കർണാടക ഹൈകോടതി മജിസ്ട്രേറ്റ് കോടതിയോട് ഉത്തരവിട്ടു. നേരത്തേയുള്ള എഫ്.ഐ.ആർ ജസ്റ്റിസ് എം. നാഗപ്രസന്ന റദ്ദാക്കുകയും ചെയ്തു.കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ 30കോടി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിജേഷ് പിള്ള തന്നെ സമീപിച്ചതായും പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും കാണിച്ച് സ്വപ്നസുരേഷ് നൽകിയ പരാതിയിൽ കഴിഞ്ഞ മാർച്ചിൽ ബംഗളൂരുവിലെ കെ.ആർ പുരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷ നിയമം 506 പ്രകാരമുള്ള കേസ് ആയതിനാൽ പൊലീസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി തേടി. കേസ് രജിസ്റ്റർ ചെയ്യാൻ കോടതി അനുമതിയും നൽകി. എന്നാൽ തനിക്കെതിരെ കേസെടുക്കുന്നതിൽ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് വിജേഷ് പിള്ള ഹൈകോടതിയെ സമീപിച്ചു. ഇതേതുടർന്നാണ് ഹൈകോടതി മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയത്.

