കോവിഡ് വ്യാപനം രൂക്ഷമാണ്; എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് മാറ്റിെവക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് ഈ മാസം 18 നകം ഉത്തരവിറക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
22ന് ചേർത്തല എസ്.എൻ കോളജിൽ നടത്താനിരുന്ന വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലം വവ്വാക്കാട് സ്വദേശി ആർ. വിനോദ് കുമാർ ഉൾപ്പെടെ നാലുപേർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
തെരഞ്ഞെടുപ്പും പൊതുയോഗവും നടത്തുന്നത് രോഗവ്യാപനം തീവ്രമാക്കാനിടയാക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. 9586 പേർ ഒരു സ്ഥലത്ത് സംഗമിക്കുന്ന പൊതുയോഗം സൂപ്പർ സ്പ്രെഡറായി മാറുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇവ മാറ്റിവെക്കുന്നതിനെ എതിർക്കുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം അഭിഭാഷകൻ അറിയിച്ചു.
ഇതുകൂടി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 22ന് യോഗവും തെരഞ്ഞെടുപ്പും നടത്താൻ സർക്കാർ നേരേത്ത അനുമതി നൽകിയതിനെതിരെ ഹരജിക്കാർ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിയില്ലാതിരുന്നതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.

