മനുഷ്യക്കടത്ത്: ഒരാൾ അറസ്റ്റിൽ
text_fieldsമുഹമ്മദ് നിൻഷാദ്
ചിങ്ങവനം: റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസിൽ ഒരാൾ അറസ്റ്റിൽ.എറണാകുളം തോപ്പുംപടിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ മേച്ചേരിപ്പടി സ്വദേശി മുഹമ്മദ് നിൻഷാദിനെയാണ് (48) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്തേക്ക് ജോലിക്ക് ആളെ അയക്കുന്നതിനുള്ള ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ പനച്ചിക്കാട് സ്വദേശിനിയെ വിസിറ്റിങ് വിസയിൽ ജോലിക്കായി വിദേശത്തേക്കയച്ച് വിദേശത്തുള്ള ഏജന്റിൽനിന്ന് പണം കൈപ്പറ്റുകയുംചെയ്തു.
വിദേശത്ത് എത്തിയ യുവതിക്ക് പറഞ്ഞ ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. യുവതി വിവരം വീട്ടിൽ അറിയിക്കുകയും ഭർത്താവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
ചിങ്ങവനം എസ്.എച്ച്.ഒ ആർ. പ്രകാശ്, എസ്.ഐമാരായ സജീർ, താജുദ്ദീൻ, രാധാകൃഷ്ണൻ, സി.പി.ഒമാരായ പ്രിൻസ്, സഞ്ജിത്ത്, പ്രകാശ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
കോടതി റിമാൻഡ് ചെയ്തു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണ്.

