ഇബ്രാഹീം കുഞ്ഞിൻെറ റിമാൻഡ് നീട്ടി; ആശുപത്രിയിൽ തുടരും
text_fieldsകൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹീംകുഞ്ഞിൻെറ റിമാൻഡ് നീട്ടി. രണ്ടാഴ്ചകൂടി റിമാൻഡിൽ തുടരണം. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇബ്രാഹീം കുഞ്ഞിന് ആശുപത്രിയിൽ തുടരാം.
അതേസമയം, ഇബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കോടതിയിൽ വിജിലൻസ് ആവശ്യപ്പെട്ടു. നേരത്തെ, കോടതി അനുവദിച്ചതനുസരിച്ച് തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
വിജിലൻസിൻെറ കസ്റ്റഡി അപേക്ഷ തള്ളിയതിന് ശേഷമാണ് ഉപാധികളോടെ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകിയിരുന്നത്. മെഡിക്കൽ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നത്. ഇബ്രാഹീം കുഞ്ഞിൻെറ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിൻെറ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

