ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമോഫോബിയയുടെ കാലത്ത് മുസ്ലിംലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കും -കെ.സുധാകരൻ
text_fieldsകണ്ണൂർ: കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ കെ.സുധാകരൻ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചു. യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗെന്ന് കെ.സുധാകരൻ പ്രതികരിച്ചു.
''വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പ് തന്നു. പച്ച നിറവും, മുസ്ലിം എന്ന പേരും കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമോഫോബിയയുടെ കാലത്ത് കോൺഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യും. സമൂഹത്തിൽ വളർന്നു വരുന്ന വർഗീയതയെ എന്ത് വന്നാലും ഒന്നിച്ചു നിന്ന് നേരിടുക തന്നെ ചെയ്യും'' -കെ.സുധാകരൻ പ്രതികരിച്ചു.
കെ.സുധാകരൻ കെ.പി.സി.സി ആസ്ഥാനത്തെത്തി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് എന്ന മഹത്തരമായ പദവി എനിക്ക് കൈമാറുമ്പോൾ ആദ്യമായി ഇക്കാലമത്രയും നമ്മെ നയിച്ചതിന് അദ്ദേഹത്തിന് നന്ദി അർപ്പിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു.

