സുരേന്ദ്രൻ പറന്നിറങ്ങി; ചൂടുപിടിച്ച് മഞ്ചേശ്വരം
text_fieldsകുമ്പള: സുരേന്ദ്രെൻറ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചു. ഒരിക്കല്‍കൂടി അങ്കത്തിനിറങ്ങുമെന്ന് നേരത്തെ ഏതാണ്ടുറപ്പിച്ചപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് ഞായറാഴ്ച രാവിലെ ബംഗളൂരുവില്‍നിന്ന് ഹെലികോപ്ടറിലാണ് പൈവളിഗെയില്‍ പറന്നിറങ്ങിയത്.
ജോഡ്ക്കല്ലില്‍ മഞ്ചേശ്വരം മണ്ഡലം ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനാണ് സുരേന്ദ്രന് എത്തിയത്. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്ന സുരേന്ദ്രന് അവിടെനിന്ന് രാവിലെ വിമാനമാര്‍ഗം ബംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് ഹെലികോപ്ടറില്‍ പൈവളിഗെയിലേക്കും പറക്കുകയായിരുന്നു.
കേരളത്തിെൻറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കാര്‍ക്കളെ എം.എല്‍.എ സുനില്‍ കുമാറും ഒപ്പമുണ്ടായിരുന്നു.
പൈവളിഗെ സ്കൂള്‍ പരിസരത്തും ജോഡ്ക്കല്ലിലും കെ. സുരേന്ദ്രന് പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്പാണ് നല്‍കിയത്.

