ആന്റണിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യമെന്ന് കെ. സുരേന്ദ്രൻ
text_fieldsകൊച്ചി: ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിർത്തണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നും സുരേന്ദ്രൻ ആരോപിച്ചു.
കോൺഗ്രസ് ചെയ്ത ഭൂരിപക്ഷ വിരുദ്ധ സമീപനവും ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും മറ്റൊരു പാർട്ടിയും കാണിച്ചിട്ടില്ല. പുറമേ ഭൂരിപക്ഷ പ്രേമം പറയുകയും ന്യൂനപക്ഷ വർഗീയതയെ താലോലിക്കുകയും ചെയ്യുന്ന നേതാവാണ് ആന്റണി എന്നും സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസികൾ അമ്പലത്തില്‍ പോയാലും തിലകക്കുറി ചാര്‍ത്തിയാലും മൃദുഹിന്ദുത്വമെന്ന് വിശേഷിപ്പിച്ചാൽ അതു നരേന്ദ്ര മോദിയെ സഹായിക്കുന്നതായിരിക്കുമെന്നാണ് എ.കെ. ആന്റണി പറഞ്ഞത്. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യവെയാണ് ആന്റണിയുടെ പരാമർശം. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കുകയും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കുകയും ചെയ്യും. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് ബി.ജെ.പിയും പയറ്റുന്നത്. ഈ ഘട്ടത്തിൽ പൈതൃകം മാത്രം പറഞ്ഞ് കോൺഗ്രസിന് മുന്നോട്ടുപോയിട്ട് കാര്യമില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യവത്കരിക്കുന്ന വിധം പാർട്ടി മാറണമെന്നും ആന്റണി ചൂണ്ടിക്കാട്ടിയിരുന്നു.

