കരിപ്പൂർ: ഫ്ലൈ ദുബൈ നാളെ മുതൽ, സൗദിയയുെട അധിക സർവിസ് അഞ്ച് മുതൽ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബൈ സർവിസ് വെള്ളിയാഴ്ച ആരംഭിക്കും. ദുബൈ-കോഴിക്കോട് സെക്ടറിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവിസ്. വെള്ളിയാഴ്ച രാത്രി 8.20ന് ദുബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലർച്ച 1.45ന് കരിപ്പൂരിലെത്തും. തിരിച്ച് പുലർച്ച 3.05ന് പുറപ്പെട്ട് ദുബൈ സമയം 6.05ന് എത്തും. കരിപ്പൂരിൽനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ദുബൈയിൽനിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലുമാണ് സർവിസ്. എമിറേറ്റ്സുമായി കോഡ്ഷെയറുള്ളതിനാൽ വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്ക് പുതിയ സർവിസ് ഉപകാരപ്രദമാകും. കരിപ്പൂരിൽനിന്ന് ദുബൈയിലേക്ക് സർവിസ് നടത്തുന്ന അഞ്ചാമത്തെ വിമാനക്കമ്പനിയാണ് െഫ്ലെ ദുബൈ.
ഫെബ്രുവരി അഞ്ചുമുതല്‍ കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് സൗദി എയർലൈൻസിെൻറ രണ്ട് അധിക സർവിസുകളും ആരംഭിക്കുന്നുണ്ട്. ഹജ്ജ്, ഉംറ തീർഥാടകരെ കൂടി മുന്നില്‍കണ്ടാണ് സർവിസ് കൂട്ടുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ജിദ്ദയിലേക്ക് സൗദിയയുടെ അധിക സര്‍വിസ്. ഇതോടെ ജിദ്ദയിലേക്ക് സൗദിയ സർവിസ് ഏഴായി വർധിക്കും. നിലവില്‍ ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ടും സര്‍വിസാണുള്ളത്. പുതിയത് ആരംഭിക്കുന്നതോടെ സൗദിയക്ക് ആഴ്ചയിൽ ഒമ്പത് സർവിസുകളാകും. എയർ ഇന്ത്യയുടെ ജിദ്ദയിലേക്കുള്ള വലിയ വിമാനവും മാർച്ചിൽ പുനരാരംഭിച്ചേക്കും.
