െട്രയിനിൽനിന്ന് ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തു
text_fieldsമംഗളൂരു: കേരള-കർണാടക റെയിൽവേ പൊലീസിന്റെ ‘നാർകോസ്’ സംഘം നടത്തിയ മയക്കുമരുന്നുവേട്ടയിൽ വ്യാഴാഴ്ച 3,16,650 രൂപ വിലവരുന്ന 6.333 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം രണ്ടിൽ നിർത്തിയിട്ട കാർവാർ-യശ്വന്ത്പുർ (16516) എക്സ്പ്രസ് ട്രെയിനിൽ ഉടമയില്ലാത്ത നിലയിൽ കണ്ട കഞ്ചാവുപൊതികളാണ് രാവിലെ 11.15ഓടെ പിടികൂടിയത്. പാലക്കാട് സി.ഐ.ബി/ആർ.പി.എഫ് സംഘം, മംഗളൂരു ജങ്ഷൻ ആർ.പി.എഫ്, മംഗളൂരു ഈസ്റ്റ് എക്സൈസ് ഡിവിഷൻ സേനകൾ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റുകൾക്ക് അടിയിൽ പലയിടത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
പാലക്കാട് സംഘത്തിലെ സർക്കിൾ ഇൻസ്പെക്ടർ എൻ. കേശവദാസ്, സബ് ഇൻസ്പെക്ടർമാരായ എ.പി. ദീപക്, എ.പി. അജിത് അശോക്, എ.എസ്.ഐമാരായ കെ. സാജു, എസ്.എം. രവി, ഹെഡ് കോൺസ്റ്റബ്ൾമാരായ എൻ. അശോക്, ഒ.കെ. അജീഷ്, മംഗളൂരു ജങ്ഷൻ പൊലീസ് ഇൻസ്പെക്ടർ മനോജ്കുമാർ യാദവ്, എ.എസ്.ഐ കെ. ശശി, കോൺസ്റ്റബ്ൾ പി. പാണ്ടുരംഗ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

