ഫീസടക്കാൻ വൈകി; മംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനി തൂങ്ങിമരിച്ചു
text_fieldsമംഗളൂരു: മംഗളൂരുവിലെ ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. കാസർകോട് ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ സതീഷിന്റെയും ജാൻസിയുടെയും മകൾ നിന സതീഷാണ് മരിച്ചത്. 19 വയസായിരുന്നു.
മംഗളൂരു കൊളാസോ കോളജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയാണ് നിന. മുറിയിൽ ഒരുമിച്ച് താമസിക്കുന്നവർ ചൊവ്വാഴ്ച രാവിലെ ശുചിമുറിയിലെ വെന്റിലേഷനിൽ നിനയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
സാമ്പത്തിക പ്രയാസം കാരണം ഫീസ് അടക്കാൻ സാധിക്കാതിരുന്നതിനാൽ നിനക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായാണ് വിവരം.
ഫീസ് അടക്കാൻ വൈകിയതിന് കോളജ് അധികൃതരും അഡ്മിഷൻ ഏജന്റും മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്. പണമടക്കാൻ സാവകാശം ചോദിച്ചെങ്കിലും അഡ്മിഷൻ ഏജന്റ് അനുവദിച്ചില്ലെന്ന് അമ്മ ജാൻസി പറയുന്നു. ജാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണ് മകളെ പഠിപ്പിക്കുന്നതും കുടുംബം നോക്കുന്നതും. അലീന, ആൽഫ്രഡ് എന്നിവർ സഹോദരങ്ങളാണ്.

