പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു; പരാതിയുമായി പ്രദേശവാസികൾ
text_fieldsമൊഗ്രാൽ മീലാദ് നഗർ-നാങ്കി ലിങ്ക് റോഡിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം
കാസർകോട്: മൊഗ്രാൽ മീലാദ് നഗർ-നാങ്കി ലിങ്ക് റോഡിൽ സ്വകാര്യസ്ഥലത്ത് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതായാണ് പരാതി. അടുത്തുള്ള സ്കൂളിന് സമീപത്തെ പറമ്പിലാണ് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിതകർമ സേനക്ക് നൽകാത്തവരാണ് മാലിന്യം പറമ്പിലേക്ക് വലിച്ചെറിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യമുക്ത നവകേരളത്തിനായി നാടും നഗരവുമൊക്കെ ഒരുങ്ങുമ്പോഴാണ് ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയുൾപ്പെടെ കർശന നടപടികളാണ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡും കേരള പഞ്ചായത്ത് ആക്ട് 219 പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിച്ചുവരുന്നത്. എന്നിട്ടും മാലിന്യം തള്ളുന്നതിന് അറുതിയാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്തതിന് ജില്ലയിൽ കഴിഞ്ഞമാസം വിവിധയിടങ്ങളിലായി ജില്ല എൻഫോസ്മെന്റ് സ്ക്വോഡ് ക്വാർട്ടേഴ്സ് ഉടമകൾക്കും സൂപ്പർമാർക്കറ്റ് ഉടമകൾക്കും വലിയ പിഴ ചുമത്തിയിരുന്നു.

