റെക്കോഡുകളുടെ രാജകുമാരനായി അഞ്ചുവയസ്സുകാരൻ
text_fieldsകാസർകോട്: നൂറ്റമ്പതോളം കാറുകളുടെ ബ്രാൻഡ് നിമിഷങ്ങൾക്കകം ഓർത്തെടുത്ത് അഞ്ചുവയസ്സുകാരൻ റിഷാൻ രൂപേഷ്. കാർ ബ്രാൻഡുകളുടെ ലോഗോ കാണിച്ചുകൊടുത്താലും പാതി മായ്ച്ചാലും സംശയമൊന്നുമില്ലാതെ റിഷാൻ ഉത്തരം പറയും.
മുപ്പത്തഞ്ചോളം സോഷ്യൽ മീഡിയ ബ്രാൻഡുകൾ, പക്ഷികളുടെയും മൃഗങ്ങളുടെയും പേരുകൾ എല്ലാം മിനിറ്റുകൾക്കകം പറയാൻ കഴിയുമെന്നതാണ് പ്രത്യേകത. ഒരുമിനിറ്റിനകം ഇത്തരം കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുമെന്നത് മുൻനിർത്തി റിഷാന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും കലാം വേൾഡ് റെക്കോഡിലും ഇടം നേടാനായി.
ഓൺലൈനായി നടത്തിയ മത്സരത്തിലാണ് ഈ അഞ്ചുവയസ്സുകാരൻ കഴിവ് പ്രകടമാക്കിയത്. കാസർകോട് കയ്യൂർ സ്വദേശികളായ അങ്കപ്പിലാവിൽ രൂപേഷിന്റെയും കോട്ടയിൽ പ്രവിമോളുടെയും മകനായ റിഷാൻ രൂപേഷ് ഡൽഹി പബ്ലിക് സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്.

