ഇ.ഡി സമൻസിനെതിരെ കെജ്രിവാൾ ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈകോടതിയെ സമീപിച്ചു.
കേസിൽ ഒമ്പതാമത്തെ സമൻസാണ് ഇ.ഡി അയച്ചത്. ഹരജി ബുധനാഴ്ച കോടതി പരിഗണിക്കും. കെജ്രിവാൾ സമൻസ് നിരന്തരം അവഗണിക്കുന്നതിനെതിരെ ഇ.ഡി ഡൽഹി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സമൻസിന് ഹാജരാകാത്തതിന് അറസ്റ്റ് ചെയ്യുന്നതിൽ നിന്നും കോടതി കെജ്രിവാളിന് മുൻകൂർ ജാമ്യം നൽകി.
അതിനിടെ, മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഏപ്രിൽ ആറ് വരെയാണ് ഡൽഹി റോസ് അവന്യൂ കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. മദ്യനയക്കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 26നാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റു ചെയ്തു.
ഇതേ കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിത ഇ.ഡി സമൻസിനെതിരെ നൽകിയ ഹരജി സുപ്രീംകോടതിയിൽ നിന്നും പിൻവലിച്ചു. കഴിഞ്ഞ വർഷം നൽകിയ ഹരജിയാണ്, അറസ്റ്റിലായ പശ്ചാത്തലത്തിൽ പിൻവലിച്ചത്. ഇ.ഡി അറസ്റ്റിനെതിരെ കവിത കഴിഞ്ഞ ദിവസം മറ്റൊരു ഹരജി നൽകിയിട്ടുണ്ട്.

