സംസ്ഥാനത്ത് വേനൽമഴ ശക്തി പ്രാപിക്കും; ഇടവപ്പാതി എന്നെത്തുമെന്ന് 16ന് അറിയാം
text_fieldsപാലക്കാട്: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിയോടുകൂടി വേനൽമഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. കേരളത്തിലും തമിഴ്നാട്ടിലും വേനൽമഴ തുടരുമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തമിഴ്നാടിെൻറ ദക്ഷിണ കടലോര മേഖലകളിൽ കനത്ത മഴ ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് 38.3 മില്ലിമീറ്ററും തിരുവനന്തപുരത്ത് 33.6 മില്ലിമീറ്ററും പുനലൂരിൽ 7.4 മില്ലിമീറ്ററും കോട്ടയത്ത് 4.6 മില്ലിമീറ്ററും മഴ ലഭിച്ചു. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ ലഭിച്ചേക്കും. ശ്രീലങ്കൻ തീരങ്ങളിൽ രൂപപ്പെട്ട ചുഴലിക്കാറ്റാണ് കേരളത്തിലും തമിഴ്നാട്ടിലും മഴപെയ്യാൻ കാരണം. ചുഴലിക്കാറ്റ് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതോടെ തമിഴ്നാട്ടിൽ മഴയുടെ ശക്തി കുറയും. കേരളത്തിൽ ഈ വേനലിൽ വരൾച്ച സാധ്യത ഇനിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഒന്നോ രണ്ടോ ഭാഗങ്ങളിൽ 15ന് രാവിലെ വരെ കനത്ത മഴപെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
മൺസൂൺ സംബന്ധിച്ച് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ ആദ്യഘട്ട പ്രവചനം 16ന് പുറപ്പെടുവിക്കും. ഇത്തവണ സാധാരണയായി തെക്കുപടിഞ്ഞാറൻ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നത്. മൺസൂണിനെ പ്രതികൂലമായി ബാധിക്കുന്ന എൽനിനോ പ്രതിഭാസത്തിന് സാധ്യതയില്ലെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.
