മാണിയെ പിന്തുണച്ചത് പ്രാദേശിക അടവുനയം മാത്രമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്തിൽ മാണി ഗ്രൂപ്പിനെ പിന്തുണച്ചത് പ്രാദേശിക അടവുനയം മാത്രമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തൽ. സെൻകുമാർ കേസിൽ ഇനിയും കോടതിയെ പ്രകോപിപ്പിക്കേണ്ടെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. കോട്ടയത്തേത് ജില്ല കമ്മിറ്റി കൈക്കൊണ്ട നിലപാടാണ്.
സംസ്ഥാനതലത്തിലുള്ള ധാരണയുടെ മുന്നോടിയല്ല. ഇടതുമുന്നണിയിൽ എടുക്കാനുള്ള തീരുമാനവുമല്ല. കോൺഗ്രസിനെയും ബി.ജെ.പിയെയും തോൽപിക്കാൻ ആവശ്യമായ അടവുനയം സ്വീകരിക്കുകയാണ് ചെയ്തതെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി. മാണിക്കെതിരായ ആരോപണങ്ങളിൽനിന്ന് പിന്നാക്കംപോയിട്ടുമില്ല. സെൻകുമാർ കേസിൽ ഇനി സുപ്രീംകോടതിയെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും വന്നു.
സപ്രീംകോടതി വിധി നടപ്പാക്കാനാണ് തീരുമാനിച്ചതെന്നും ചിലകാര്യങ്ങളിൽ വ്യക്തതതേടുകയാണ് ചെയ്തതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. കോടതിയെ ധിക്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വിശദീകരണം നൽകി.
