കൊച്ചിയിലുണ്ട് 4000 കുന്നംകുളം വോട്ട്; വ്യാജനല്ല, ഒറിജിനൽ
text_fieldsകുന്നംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ, യു.ഡി.എഫ് സ്ഥാനാർഥി കെ.ജയശങ്കർ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എറണാകുളം മാർക്കറ്റിൽ പതിച്ച പോസ്റ്ററുകൾ
കൊച്ചി: കുന്നംകുളത്തെ സ്ഥാനാർഥികൾക്ക് എറണാകുളം മണ്ഡലത്തിൽ എന്തുകാര്യമെന്ന് ചോദിക്കാൻ വരട്ടെ. ഇവിടത്തെ വ്യാപാരസിരാ കേന്ദ്രമായ ബ്രോഡ്വേയിലെ മുക്കിലും മൂലയിലും കുന്നംകുളം മണ്ഡലത്തിലെ സ്ഥാനാർഥികൾ നിറഞ്ഞുനിൽപ്പുണ്ട്.
എൽ.ഡി.എഫിെൻറ എ.സി. മൊയ്തീനും യു.ഡി.എഫിെൻറ കെ. ജയശങ്കറും ഇവിടത്തെ ചുവരുകളിൽ പോസ്റ്ററായി വോട്ടുചോദിക്കുന്നു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കെ. ജയശങ്കർ കുന്നംകുളത്തെ പ്രചാരണ ചൂടിൽനിന്ന് ഓടിയെത്തി ബ്രോഡ്വേയിലെ വ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങി വോട്ടുതേടി.
'വ്യാപാര സ്ഥാപന ഉടമകളും തൊഴിലാളികളുമായി 4000 കുന്നംകുളം വോട്ടർമാർ കൊച്ചിയിൽ ഉണ്ടെന്നാണ് കണക്ക്' -സ്ഥാനാർഥിക്ക് ഒപ്പം വന്ന കോൺഗ്രസ് േബ്ലാക്ക് സെക്രട്ടറി സി.വി. ജോയ് പറയുന്നു.
പൂക്കാരൻമുക്കിൽനിന്ന് തുടങ്ങിയ വോട്ടഭ്യർഥന ജ്യൂസ്ട്രീറ്റിലും മറ്റ് ഇടവഴികളിലും കടന്ന് മുന്നേറി. എൻ.എം. റഫീക്ക്, ബിജു സി. ജോബി, ഷിബു അന്തിക്കാട്, സജു ഡേവിസ്, സാംസൺ വാഴപ്പള്ളി, ജെബിസൺ, കെ.സി. സുനീഷ്, ടെറീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദ്, എൽ.ഡി.എഫ് സ്ഥാനാർഥി ഷാജി ജോർജ് എന്നിവരുടെ പോസ്റ്ററുകൾക്കൊപ്പം കുന്നംകുളം സ്ഥാനാർഥികളുടെതും ചുമരുകളിൽ നിറഞ്ഞ കാഴ്ച കൗതുകം പകരും.

