കെ.എസ്.ഇ.ബി നഷ്ടം: 494.29 കോടി ഏറ്റെടുത്ത് സർക്കാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ നടപ്പു സാമ്പത്തികവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനമായ 494.29 കോടി രൂപ സർക്കാർ ഏറ്റെടുത്തു. ഈ തുക കെ.എസ്.ഇബിക്ക് കൈമാറാൻ ധനവകുപ്പ് അനുമതി നൽകി. സര്‍ക്കാറിന് കൂടുതല്‍ വായ്പയെടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരമാണിത്. കെ.എസ്.ഇ.ബിയുടെ നഷ്ടം ഏറ്റെടുത്താല്‍ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ അര ശതമാനമായ ആറായിരം കോടിയിലധികം രൂപ സര്‍ക്കാറിന് ഈ വര്‍ഷം കൂടുതല്‍ കടമെടുക്കാം.
കെ.എസ്.ഇ.ബിയുടെ 2023-24ലെ നഷ്ടം 549.21 കോടിയാണ് 2022-23ൽ നഷ്ടത്തിന്റെ 75 ശതമാനമായ 767.715 കോടി രൂപ സർക്കാർ ഏറ്റെടുത്തിരുന്നു. 15-ാം ധനകാര്യ കമീഷന്റെ ശിപാര്‍ശപ്രകാരം 2022-23ലാണ് ഈ അധിക വായ്പ പദ്ധതി കേന്ദ്രം തുടങ്ങിയത്. വൈദ്യുതി മേഖല പരിഷ്കരണത്തിനുള്ള ഉപാധികൾ അംഗീകരിച്ചാൽ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ അര ശതമാനം അധികം കടമെടുക്കാൻ അനുവദിക്കുന്ന പദ്ധതിയിൽ സർക്കാർ താൽപര്യം കാട്ടിയത് പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിക്ക് ആശ്വാസം നൽകും.

