കെ.എസ്.ആർ.ടി.സി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ; കുടുംബ പ്രശ്‌നമെന്ന് പൊലീസ്, ശമ്പളം കിട്ടാത്ത പ്രയാസം കാരണമെന്ന് സഹപ്രവർത്തകർ
text_fieldsസജികുമാർ
വിതുര: കെ.എസ്.ആർ.ടി.സി ഡ്രൈവറെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര കരിപ്പാലം സ്വദേശി സജികുമാർ (52)നെയാണ് വീടിനുള്ളിലെ ഫാനിൽ തുങ്ങി മരിച്ച നിലയിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടത്.
തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറാണ് സജികുമാർ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് യഥാസമയം ശമ്പളം ലഭിക്കാത്തത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിന്നീട് സജികുമാറിന്റെ മൃതദേഹവുമായി കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിനു മുന്നിലെ സമരപന്തലിൽ എത്തി സഹപ്രവർത്തകർ പ്രതിഷേധിച്ചു.
അതേസമയം, കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സജികുമാർ ഭാര്യയുമായി വഴക്കുണ്ടാക്കിയെന്ന് അയൽവാസികൾ പറഞ്ഞു. ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിതുര പൊലീസ് കേസെടുത്തു.

