കാലടി ശ്രീശങ്കര കോളജിൽ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം
text_fieldsകാലടി: എം.ജി സർവകലാശാല കാമ്പസിലെ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തിന് പിന്നാലെ കാലടി ശ്രീശങ്കര കോളജിലും സംഘർഷം. ഞായറാഴ്ച രാത്രി കെ.എസ്.യു- എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
ഇന്ന് കോളജ് തുറക്കുന്നതിന് മുന്നോടിയായി പുതിയ കുട്ടികളെ സ്വാഗതം ചെയ്യുന്നതിന് യൂണിയൻ നേതൃത്വം നൽകുന്ന കെ.എസ്.യു, കൊടി-തോരണങ്ങൾ കെട്ടി കോളജിന്‍റെ മുൻവശം അലങ്കരിച്ചിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പുറത്തുനിന്നെത്തിയ സംഘം അലങ്കാരങ്ങൾ നശിപ്പിച്ചെന്നും തങ്ങളെ മർദിച്ചെന്നുമാണ് കെ.എസ്.യു ആരോപിക്കുന്നത്.
ചെയർമാൻ അനിസൻ കെ. ജോയി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
അതേസമയം, കെ.എസ്.യു ആണ് അനാവശ്യ പ്രകോപനം ഉണ്ടാക്കിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
എം.ജി സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷ രാജുവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു. എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് ആർഷോ, ജില്ല സെക്രട്ടറി സി.എ. അമൽ, പ്രജിത്ത് കെ. ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ േപഴ്സനൽ സ്റ്റാഫ് കെ.എം അരുൺ, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.
സംഘർഷവുമായി ബന്ധപ്പെട്ട എ.ഐ.എസ്.എഫ് നേതാക്കൾക്കെതിരെ എസ്.എഫ്.ഐയും പരാതി നൽകിയിട്ടുണ്ട്.

