തിരുവാഭരണ പേടകസംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള നിര്യാതനായി
text_fieldsപന്തളം: തിരുവാഭരണ ഗുരുസ്വാമി തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരികൂട്ടിയമ്മ. മക്കൾ: ഉണ്ണികുളത്തിനാൽ, പുഷ്പ, സിന്ധു, സുനിത. മരുമക്കൾ: രജിത (അധ്യാപിക, എൻ.എസ്.എസ് ജി.എച്ച്.എസ് പന്തളം) മധുകരിങ്ങോടത്ത്, മധുകുമാർ, പരേതനായ സോപാനം ശ്രീകുമാർ.
ഏഴ് പതിറ്റാണ്ടു കാലമായി തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള ഇരുപത് വർഷ കാലം ഗുരുസ്വാമിയായിരുന്നു. 2023ലാണ് അദ്ദേഹം തിരുവാഭരണങ്ങളുമായി അവസാനമായി ശബരിമലക്ക് പോകുന്നത്.
യാത്രയായത് ഏഴ് പതിറ്റാണ്ടുകാലം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റിയ ഗുരുസ്വാമി
യാത്രയായത് ഏഴ് പതിറ്റാണ്ടുകാലം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റിയ ഗുരുസ്വാമി. മകരസംക്രമനാളിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽനിന്നു ശബരിമലക്ക് 70 വർഷമായി മുടങ്ങാതെ സന്നിധാനത്ത് തിരുവാഭരണങ്ങൾ എത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. 20 വയസ് മുതൽ അയ്യപ്പന് ചാർത്താനുള്ള തിരുഭാവരണങ്ങളുമായി നാടും കാടും കാൽനടയായി താണ്ടിയാണ് അദ്ദേഹം ശബരിമലയിൽ എത്തിച്ചിരുന്നത്. അച്ഛൻ നാരായണപ്പിള്ളക്കൊപ്പമാണ് ഗംഗാധരൻ പിള്ള ആദ്യമായി ഘോയാത്രയെ അനുഗമിക്കുന്നത്.
തിരുവാഭരണങ്ങൾ ശിരസ്സിലേറ്റിയ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള (ഫയൽ ചിത്രം )
കഴിഞ്ഞ 70 വർഷം വൃശ്ചികം ഒന്ന് മുതൽ വ്രതം നോൽക്കുന്ന പതിവ് ഗംഗാധരൻ പിള്ള തെറ്റിച്ചിട്ടില്ല. 22 പേരാണ് ഗംഗാധരൻ പിള്ളയുടെ സംഘത്തിലുള്ളത്. വ്രതശുദ്ധിയും അയ്യപ്പസ്വാമിയോടുള്ള തികഞ്ഞ അർപ്പണബോധവുമാണ് ഗംഗാധരൻ പിള്ളയെന്ന അയ്യപ്പദാസന്റെ കരുത്ത്. ആ കരുത്തിൽ നാലുപറ നെല്ലിന്റെ ഭാരം വരുന്ന തിരുവാഭരണപ്പെട്ടി ശിരസിലേന്താൻ അദ്ദേഹത്തിന് കഴിയുന്നു. പന്തളത്ത് നിന്ന് തിരുവാഭരണം തലയിലേറ്റുന്നത് മുതൽ സന്നിധാനത്ത് എത്തുന്നത് വരെ അദ്ദേഹം അക്ഷീണം പ്രയത്‌നിക്കുന്നു. 41 വരെ നീളുന്ന ആളുപൂജ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നതും ഇദ്ദേഹമായിരുന്നു. വിഷ്ണുമായയിൽ ശിവന്റെ പുത്രനായി പമ്പാതീരത്ത് പിറന്ന മണ്കണ്ഠനെ പന്തളരാജാവ് എടുത്തു വളർത്തിയതും കൊട്ടാരത്തിൽ വളർന്ന മണികണ്ഠൻ അയ്യപ്പനായി മാറി ശബരിമലയിലെ ധർമശാസ്താവിഗ്രഹത്തിൽ വിലയം പ്രാപിച്ചതാണ് ഐതിഹ്യം.
വളർത്തുമകനെ കാണാൻ കാടുതാണ്ടിയെത്തിയ രാജാവിനെ മടക്കി അയക്കുമ്പോൾ ആണ്ടുതോറും തന്നെക്കാണാൻ വരണമെന്നാണ് അയ്യപ്പൻ ആവശ്യപ്പെട്ടിരുന്നത്. ആ യാത്രക്ക് മുന്നോടിയായി തന്റെ മകനെ അണിയിക്കുന്നതിനുള്ള ആഭരണങ്ങൾ രാജാവ് പണികഴിപ്പിച്ചു. ഈ ആഭരണങ്ങളുമായി മകരവിളക്കിന് രണ്ടുനാൾ മുൻപ് പന്തളത്ത് നിന്ന് പോയിത്തുടങ്ങിയെന്നതും വിശ്വാസം. ഇതാണ് പിന്നീട് പ്രസിദ്ധമായ തിരുവാഭരണഘോഷയാത്രയായി മാറിയത്. 2023 ലാണ് അവസാനമായി തിരുവാരണ പേടകം ശിരസിലേറ്റി ശബരിമലയ്ക്ക് പോയത്. പ്രായാധിക്യം മൂലം കഴിഞ്ഞ മൂന്നു വർഷമായി തിരുവാഭരണങ്ങളുമായി ശബരിമല യാത്രയിൽനിന്നു ഒഴിവായിരുന്നു.

