ലഹരിമരുന്നുമായി ഉളിയിൽ സ്വദേശി അറസ്റ്റിൽ
text_fieldsഗഫൂർ
ഇരിട്ടി: എക്സൈസ് സ്പെഷൽ സ്ക്വാഡ് സംസ്ഥാനാതിർത്തിയായ കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി ഉളിയിൽ സ്വദേശിയെ അറസ്റ്റുചെയ്തു. ഉളിയിൽ മുല്ലേരിക്കണ്ടി ഹൗസിൽ എം.കെ. ഗഫൂർ (44) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് മാരക ലഹരിമരുന്നായ മെത്താംഫിറ്റാമിൻ 30.128 ഗ്രാം പിടിച്ചെടുത്തു.
മയക്കുമരുന്നുമായി ഇയാൾ ബംഗളൂരുവിൽനിന്ന് മൈസൂരു എത്തുകയും അവിടെനിന്ന് വീരാജ് പേട്ടയിൽ എത്തി കർണാടക ആർ.ടി.സി ബസിൽ നാട്ടിലേക്ക് വരുന്ന വഴിയിലാണ് കൂട്ടുപുഴയിൽവെച്ച് പിടിയിലാകുന്നത്. നാലു ചെറിയ കെട്ടുകളാക്കി പാന്റ്സിന്റെ കീശയിൽ ഒളിപ്പിച്ച് വെച്ചതായിരുന്നു ലഹരി ഉൽപന്നങ്ങൾ. ഇരിട്ടി, ഉളിയിൽ ഭാഗത്തു മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഗഫൂറെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റ് പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.
സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാഹുൽരാജ്, പ്രിവന്റിവ് ഓഫിസർമാരായ കെ.സി. ഷിബു, എ. അസീസ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ടി. ഖാലിദ്, സി. പങ്കജാക്ഷൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. ഷാൻ, കെ. സരിൻരാജ്, കെ.വി. സന്തോഷ്, എക്സൈസ് ഡ്രൈവർ എം. സോൾദേവ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

