കടയിൽ കവർച്ച: രണ്ടു മോഷ്ടാക്കൾ പിടിയിൽ
text_fieldsറിയാസ്, മുഹമ്മദ് സാജിദ്
ചൊക്ലി: പൂക്കോമിൽ പട്ടാപകൽ കടയിലെ മേശയിൽ നിന്നും പണം കവർന്ന കേസിൽ പ്രതിയായ രണ്ട് മോഷ്ടാക്കളെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. തലശേരി സൈദാർ പള്ളി സ്വദേശി വി.എം. റിയാസ് (41) കണ്ണൂർ തോട്ടട സ്വദേശി പി.എം. മുഹമ്മദ് സാജിദ് (41) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ 17ന് ഉച്ചകഴിഞ്ഞ് 3.30ഓടെ പൂക്കോം മത്സ്യ മാർക്കറ്റിന് എതിർ വശത്തെ അച്ചുതന്റെ ഉടമസ്ഥതയിലുള്ള അർച്ചന എന്റർപ്രൈസസിൽ നിന്നും മേശയിൽ സൂക്ഷിച്ചിരുന്ന 40000 രൂപ റിയാസും മുഹമ്മദ് സാജിദും ചേർന്ന് മോഷ്ടിച്ചത്.
വയനാട് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പിച്ചങ്കോട് ഒരു കടയിൽ നിന്നും 99000 രൂപ മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായി മാനന്തവാടി ജില്ല ജയിലിൽ റിമാഡിൽ കഴിയുന്ന പ്രതികളെ ജയിലിലെത്തിയാണ് ചൊക്ലി എസ്.ഐ നൗഷാദ് അറസ്റ്റ് ചെയ്തത്. വയനാട് വെള്ളമുണ്ട പൊലീസ് സമാനമായ മറ്റൊരു മോഷണ കേസിൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പൂക്കോമിൽ മോഷണം നടത്തിയ കാര്യം വെളിപ്പെടുത്തിയത്. നിരവധി മോഷണ കേസിൽ പ്രതികളാണ് അറസ്റ്റിലായവരെന്ന് ചൊക്ലി പോലീസ് പറഞ്ഞു.

