വിഷു, വിലക്കുറവിൽ ഉണ്ണാം
text_fieldsകണ്ണൂർ: കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ചകളുമായി കണ്ണൂര്‍ പൊലീസ് മൈതാനത്ത് എക്സ്പ്രസ് മാര്‍ട്ട് തുറന്നു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 17 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന -വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്ലെറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
എഫ്.എം.സി.ജി ഉല്പന്നങ്ങള്ക്കും സപ്ലൈകോയുടെ ശബരി ഉല്പന്നങ്ങള്ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ടാകും. മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് തേയില 500ഗ്രാം വാങ്ങിയാല്‍ ശബരി എസ്.എഫ്.ഡി തേയില 250 ഗ്രാം സൗജന്യമായി നല്‍കും.
ശബരി ഗോള്‍ഡ് തേയില 250 ഗ്രാം വാങ്ങിയാല്‍ ശബരി എസ്.എഫ്.ഡി 100ഗ്രാം സൗജന്യമായി നല്‍കും. ഇതിനു പുറമേ തേയിലക്ക്വിലക്കുറവും നല്‍കുന്നുണ്ട്. സ്റ്റാളിലെ ഏറ്റവും പ്രധാന ആകര്‍ഷണം രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ സൗജന്യമായി നല്‍കും.
ശബരി ഉല്‍പ്പന്നങ്ങള്‍ കൂടാതെ നൂഡില്‍സ്, ടൂത്ത്പേസ്റ്റ്, തേന്‍, സോപ്പുപ്പൊടി, സോപ്പ്, പെര്‍ഫ്യൂം, നെയ്യ്, ബൂസ്റ്റ്, ഹോര്‍ലിക്സ് തുടങ്ങി നിരവധി എഫ്.എം.സി.ജി സാധനങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്.
രാവിലെ 10.30 മുതല്‍ രാത്രി എട്ടുവരെ എക്സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടാകും. എറണാകുളം ജില്ലയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സപ്ലൈകോ ഒരുക്കിയ എക്സ്പ്രസ് ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി എക്സ്പ്രസ് മാര്‍ട്ട് സജ്ജമാക്കും.

