Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ നിർമാണ മേഖല സ്തംഭിക്കും; തമിഴ്നാട്ടിൽനിന്ന് പാറ ഉൽപന്നങ്ങൾക്ക് വിലക്ക്

text_fields
bookmark_border
നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായവ 70 ശതമാനവും തമിഴ്നാട്ടിൽനിന്നാണ്
കേരളത്തിലെ നിർമാണ മേഖല സ്തംഭിക്കും; തമിഴ്നാട്ടിൽനിന്ന് പാറ ഉൽപന്നങ്ങൾക്ക് വിലക്ക്
cancel

പുനലൂർ: പാറയുൽപന്നങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കേരളത്തിലെ നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കും. മൂന്ന് മാസത്തേക്കാണ് വിലക്കെങ്കിലും പ്രതിസന്ധി തരണം ചെയ്യാൻ മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പാറ, മെറ്റൽ, എം-സാൻഡ്, പാറപ്പൊടി തുടങ്ങിയവ 70 ശതമാനവും അടുത്ത കാലത്തായി തമിഴ്നാട്ടിൽനിന്നാണ് എത്തിക്കുന്നത്.

ആര്യങ്കാവ് വഴി ദിനേന അഞ്ഞൂറിലധികം ടോറസ് ഉൾപ്പെടെ വാഹനങ്ങൾ തമിഴ്നാട്ടിൽ നിന്ന് പാറ ഉൽപന്നങ്ങൾ കൊണ്ടുവരുന്നുണ്ട്. നിർമാണം മുടങ്ങുന്നതിനൊപ്പം ഈ മേഖലയിൽ തൊഴിലെടുക്കുന്നവരെയും പ്രതിസന്ധി ബാധിക്കും. ക്വാറി ഉൽപന്നങ്ങൾക്ക് വിലവർധനവിനും ഇടയാക്കും. തമിഴ്‌നാട് ജിയോളജി ആൻഡ് മൈനിങ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കഴിഞ്ഞ രാത്രി മുതൽ പ്രാബല്യത്തിൽ വന്നു. പാറയുൽപന്നങ്ങൾ കയറ്റി കൊണ്ടുവരാൻ കഴിഞ്ഞരാത്രി പോയ ലോറികൾ പുളിയറയിൽ തമിഴ്നാട് പൊലീസ് തടഞ്ഞു തിരിച്ചുവിട്ടു. ചെക്പോസ്റ്റിൽ കർശന പരിശോധനയും ഏർപ്പെടുത്തി.

തമിഴ്‌നാട്ടിൽ വൻതോതിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ കരിങ്കല്ല്, എം-സാൻഡ്, മെറ്റൽ തുടങ്ങിയക്ക് ആവശ്യം കുടുതലാണ്. നിലവിലെ ഉൽപാദനം സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് തികയാത്ത സാഹചര്യമാണുള്ളതെന്നാണ് പറയുന്നത്.അയൽ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ സാമഗ്രികൾ കടത്തുന്നത് വഴി തമിഴ്‌നാടിനുള്ളിൽ കൃത്രിമ ക്ഷാമവും നിർമാണ സാമഗ്രികളുടെ കടുത്ത വിലക്കയറ്റവും ഉണ്ടാകുന്നു. ഇത് പൊതു-സ്വകാര്യ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നു. പരിസ്ഥിതി ആഘാതവും പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി, തെങ്കാശി, തേനി, കോയമ്പത്തൂർ, തിരുപ്പൂർ, കൃഷ്ണഗിരി തുടങ്ങിയ അതിർത്തി ജില്ലകളിലെ ക്വാറികളിൽ നിന്നാണ് കേരളത്തിലേക്ക് കുടുതൽ ഉൽപന്നങ്ങൾ എത്തിക്കുന്നത്.

ക്വാറികൾ പലതും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ചെയ്യുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിലേക്ക് ഭാരം കയറ്റിയ വലിയ ലോറികളും മൾട്ടി-ആക്‌സിൽ വാഹനങ്ങളും തുടർച്ചയായി ഓടുന്നത് പ്രാദേശിക റോഡുകൾ തകരാനും ഗതാഗതക്കുരുക്കിനും, റോഡപകടങ്ങൾ വർധിക്കാനും ഇടയാക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. പാറയുൽപ്പന്നങ്ങൾ കടത്തിവരുന്നത് തടയാൻ അതിർത്തി ജില്ലകളിലെ കലക്ടർ, എസ്.പി. എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കാനും നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ഉത്തരവിൽ നിർദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കേരളത്തിലെ നിർമാണ മേഖല സ്തംഭിക്കും; തമിഴ്നാട്ടിൽനിന്ന് പാറ ഉൽപന്നങ്ങൾക്ക് വിലക്ക്
Next Story