ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നയാൾ പിടിയിൽ
text_fieldsഅഫ്സൽ
കോട്ടയം: ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്നയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി അഫ്സലിനെയാണ് (55) കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുണിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ല ആശുപത്രിയിലെ വിവിധ വാർഡുകളിൽനിന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബാഗും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.വ്യാഴാഴ്ച പുലർച്ച സെൻട്രൽ ജങ്ഷനിൽനിന്ന് തൊണ്ടിമുതലുമായി അഫ്സലിനെ കൺട്രോൾ റൂം പൊലീസ് പിടികൂടുകയായിരുന്നു.
ജില്ല ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെയും വാർഡുകളിൽനിന്നും മോഷണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതോടെ ആശുപത്രിഭാഗത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ, സെൻട്രൽ ജങ്ഷനിൽനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പരിശോധനയിൽ ഇയാളുടെ കൈയിൽനിന്ന് ബാഗും 3000 രൂപയും പിടിച്ചെടുത്തു. ജനറൽ ആശുപത്രിയിലെ പത്താം വാർഡിൽ ചികിത്സ തേടിയിരുന്ന തിരുവല്ല സ്വദേശി വീട്ടമ്മ മറിയാമ്മയുടെ ബാഗാണ് കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച മോഷ്ടിച്ച ബാഗാണിതെന്നും പൊലീസ് പറഞ്ഞു.

