Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയോധിക മരിച്ചു: മരുന്നു മാറി കുത്തിെവച്ചതിനാലെന്ന് പരാതി
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നു മാറി കുത്തിെവച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി. ബന്ധുക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ് ഇഞ്ചക്ഷൻ മാറിയതാണ് മരണ കാരണമെന്ന് ആരോപിക്കുന്നത്. അഴിഞ്ഞിലം ഫറോക്ക് കോളജ് മുകളേൽ സരോജിനിയാണ് (59) മരിച്ചത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ ഒന്നാം വാർഡിൽ പ്രവേശിപ്പിച്ചത്.
ആദ്യം അത്യാഹിതവിഭാഗത്തിലാണ് ചികിത്സ തേടിയത്. പിന്നീട് വാർഡിലേക്ക് മാറ്റുകയായിരുന്നു. വാർഡിൽ വേദനയ്ക്കും ഗ്യാസിനുമുള്ള ഇഞ്ചക്ഷനാണ് നൽകിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ അൾട്രാസൗണ്ട് സ്കാൻ ചെയ്തതിൽ കുഴപ്പമില്ലെന്ന് അറിയിച്ചിരുന്നു. വൈകീട്ട് വാർഡിലെ നഴ്സെത്തി അത്യാഹിതവിഭാഗത്തിൽ നിന്ന് കൊടുക്കരുതെന്ന് നിർദേശിച്ച ഇഞ്ചക്ഷൻ നൽകിയതോടെ സരോജിനി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഡോക്ടർമാരെത്തി വേണ്ട ചികിത്സ നൽകി ഐ.സി.യു.വിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
എന്നാൽ കൊടുത്ത ഇഞ്ചക്ഷൻ മാറിയതാണെന്നും അതുകൊണ്ടാണ് മരിച്ചതെന്നും സരോജിനിയുടെ മകൾ എം.എസ്. ബിന്ദു സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. കൊടുത്തത് എഴുതിയ മരുന്നുകൾ മാത്രമാണെന്നും നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നുകൾ തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ കൊടുക്കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Next Story

