ലഹരി കച്ചവടം: രണ്ടുപേർ പിടിയിൽ
text_fieldsഅബ്ദുൽ നൗഷാദ്, നൗഫൽ
കോഴിക്കോട്: വാടകക്ക് ഫ്ലാറ്റെടുത്ത് എം.ഡി.എം.എ കച്ചവടം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശി പുളിക്കൽ പാലിച്ചി ചാലിൽ പറമ്പ് ഈച്ച നൗഫൽ എന്നറിയപ്പെടുന്ന നൗഫൽ (31), ഫാറൂഖ് കോളജ് സ്വദേശി കോടമ്പുഴ മഠത്തിൽ ഹൗസിൽ അബ്ദുൽ നൗഷാദ് (28) എന്നിവരെയാണ് ഫ്ലാറ്റിൽനിന്ന് 196.63 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.
പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ 10 ലക്ഷം രൂപ വിലവരും. സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിൽ നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്.ഐ ആർ.എസ്. വിനയന്റെ നേതൃത്വത്തിൽ പന്തിരാങ്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാലാഴി കണ്ണൻ ചിറ പാലം ഭാഗത്തെ ഫ്ലാറ്റിൽനിന്ന് പ്രതികളെ പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ബീച്ച്, മാളുകളുടെ പരിസരം എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും യുവതികൾക്കും കോളജ് വിദ്യാർഥികൾക്കും ലഹരി നൽകുന്ന മുഖ്യകണ്ണികളാണ് ഇവർ. നൗഫലിന് മുമ്പ് 400 ഗ്രാം എം.ഡി എം.എ പിടികൂടിയതിന് പന്തീരാങ്കാവ് സ്റ്റേഷനിലും കഞ്ചാവുമായി പിടികൂടിയതിന് കോഴിക്കോട് എക്സൈസിലും കേസുണ്ട്.

