സ്കൂട്ടറിൽ കാറിടിച്ച് വീണ നഴ്സ് ടിപ്പർ ലോറി കയറി മരിച്ചു
text_fieldsബിനില
നരിക്കുനി: കാര്‍ സ്കൂട്ടറിലിടിച്ച് തെറിച്ചുവീണ നഴ്സ് ടിപ്പർ ലോറി കയറി മരിച്ചു. നരിക്കുനി കാരുകുളങ്ങര താഴെ കരുവന്‍പൊയില്‍ സത്യെൻറ ഭാര്യ ബിനിലയാണ് (41) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ കൊട്ടാരമുക്കിലാണ് അപകടം.
കൂട്ടാലിടയിലെ സ്വന്തം വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഓവർടേക് ചെയ്തു വന്ന കാർ സ്കൂട്ടറിൽ തട്ടി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു ബിനില. ടിപ്പർ കയറി തലക്ക് ഗുരുതര പരിക്കേറ്റ ബിനിലയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിര്‍ത്താതെ പോയ കാറിനെ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
നരിക്കുനിയിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സാണ്. കൂട്ടാലിട കോണിപ്പുറത്ത് ചാലിൽ ദാമോദരൻ നായരുടെയും ദേവകി അമ്മയുടെയും മകളാണ്. മക്കൾ: അഥിൻജിത്ത്, അമർജിത്ത്. സഹോദരങ്ങൾ: ബിന്ദു, രജിത, ധനിലാൽ.

